തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സാലറി ചലഞ്ച് അല്ലാതെ പ്രളയ ബാധിതര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പോലും എല്ലാവര്ക്കും നല്കാന് സാധിച്ചില്ല. ദുരിത മേഖലയിലെ ആളുകളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചിലൂടെ ജീവനക്കാരെ രണ്ട് തട്ടിലാക്കി തമ്മിലടിപ്പിക്കുകയാണ് സര്‍ക്കാര്‍. സമ്മതപത്രത്തിനായി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. സാലറി ചലഞ്ച് പിടിച്ചുപറിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ സമ്മതിച്ചില്ല. അവര്‍ സുപ്രീംകോടതിയില്‍ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പിറവി ദിനത്തില്‍ ജീവനക്കാര്‍ക്ക് ശന്പളം കിട്ടാത്തത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. ശബരിമലയില്‍ എങ്ങനെ ദര്‍ശനം നടത്തണമെന്നത് ഭക്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇതില്‍ കൈകടത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. സ്വതന്ത്രമായി ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് അവകാശമുണ്ട്. ശബരിമലയില്‍ സമാധാനമായി ദര്‍ശനം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശബരിമലയില്‍ മുന്നോരുക്കങ്ങള്‍ നടക്കുന്നില്ല. റോഡ് നിര്‍മാണങ്ങള്‍ക്ക് വേഗതയില്ലെന്നും സര്‍ക്കാര്‍ ഉത്തരവാദിത്വം മറക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.