തിരുവനന്തപുരം : ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹര്‍ജി നല്‍കാനുളള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നിരാകരിക്കപ്പെട്ടു. ഈ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിച്ചത്, ഇത് എന്ത് ജനാധിപത്യമെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് കാട്ടുന്ന ആവേശം ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തീര്‍ത്ഥാടനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനാവാതെ പോയത് സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വീഴ്ചയാണ്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തജനങ്ങള്‍ക്ക് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഭക്തജനങ്ങളുടെ വികാരങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്നത് ദേവസ്വം ബോര്‍ഡിന്റെ കടമയാണ്. ആ കടമ നിറവേറ്റണമെന്നും ചെന്നിത്തല പറഞ്ഞു