തിരുവനന്തപുരം : അർദ്ധരാത്രിയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ബന്ദികളാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാകാത്ത തെറ്റാണ് ആര്‍എസ്എസും ബിജെപിയും ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഹർത്താലുകളിൽ നിന്ന് സാധാരണ അയ്യപ്പ ഭക്തരെ ഒഴിവാക്കാറുണ്ട്. എന്നാൽ ബിജെപി അതിനും തയ്യാറായില്ല. രാത്രിയിൽ ജനങ്ങള്‍ ഉറങ്ങി കിടക്കുമ്പോഴാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംഭവം ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആര്‍എസ്എസ് മുതലെടുപ്പ് നടത്തുകയാണെന്നും ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനം ആര്‍എസ്എസ് കൈയടക്കിയിക്കുകയായിരുന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.