ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

157

കോഴിക്കോട്• ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ശാസിച്ചാല്‍ തീരുന്ന പ്രശ്നമല്ലിത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. ഇതു പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ജയരാജന്‍ തുടരണോയെന്നു പാര്‍ട്ടി തീരുമാനിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കെതിരെ വോട്ടു നേടി വന്നവരാണെന്നാണ് അവര്‍ പറയുന്നത്. ഇന്നു വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു വച്ചിരിക്കുന്ന ആളുകളുടെ യോഗ്യത പരിശോധിക്കപ്പെടണം.

ഇങ്ങനെയുള്ള ആളുകളെ വയ്ക്കുന്നതു ശരിയാണോ? നഗ്നമായ അഴിമതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒരു കരിയില പോലും അനങ്ങില്ല. അദ്ദേഹം അറിയാതെ സംഭവിച്ചുവെന്നതു കാപട്യമാണ്. അതു കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല.
അഴിമതി നിരോധന നിയമപ്രകാരം താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ. അദ്ദേഹം ചുവന്ന കാര്‍ഡും പച്ച കാര്‍ഡുമൊക്കെ കാണിക്കുന്ന ആളല്ലേ? അഴിമതി അന്വേഷിക്കുന്നതിന് ഹോളിഡേ ഒരു തടസ്സമല്ലല്ലോ. ഇക്കാര്യത്തിനു വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെക്കണ്ടു ചര്‍ച്ച ചെയ്യേണ്ട യാതൊരു കാര്യവുമില്ല. അദ്ദേഹം എന്തു നടപടി സ്വീകരിക്കുമെന്നു കാത്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY