കൊച്ചി: മകന്‍റെ എം.ബി.ബി.എസ് സീറ്റ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തലയില്‍ മുണ്ടിട്ട് പോയല്ല തന്‍റെ മകന് അമൃത മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നേടിയതെന്ന് ചെന്നിത്തല പറഞ്ഞു. തന്‍റെ മക്കള്‍ മാത്രമല്ല. നിരവധി നേതാക്കളുടെ മക്കള്‍ അമൃതയില്‍ പഠിക്കുന്നുണ്ട്്. വി.എസിന്‍റെ ചെറുമകളും സി.പി.എം നേതാവ് എസ്. ശര്‍മയുടെ മകനും അമൃതയിലാണ് പഠിക്കുന്നത്.അമൃത ഡീംഡ് സര്‍വകലാശാലയാണ്. അവിടെ പ്രത്യേക സംവിധാനമുണ്ട്. ഡീംഡ് യൂണിവേഴ്സിറ്റിക്ക് പ്രത്യേക സ്റ്റാറ്റസ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. കേന്ദ്രനിയമം അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.അമൃതയില്‍ അഡ്മിഷന് ഒരു കോടിയും തൊണ്ണൂറ് ലക്ഷവുമൊന്നും വാങ്ങുന്നില്ല. മിനിമം ഫീസാണ് ഈടാക്കുന്നത്.മകന്‍ എം.ബി.ബി.എസിന് പഠിക്കുന്നത് ലോണ്‍ എടുത്തിട്ടാണ്. ധനലക്ഷ്മി ബാങ്കില്‍ നിന്നും ആറ് ലക്ഷം രൂപയുടെ ലോണുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. മകന്‍ ഹൗസ് സര്‍ജന്‍സി ചെയ്തു തുടങ്ങിയപ്പോള്‍ 25,000 രൂപ സ്റ്റൈഫന്‍ഡ് ലഭിച്ചു തുടങ്ങി. ഈ തുക ഉപയോഗിച്ചാണ് ലോണ്‍ അടയ്ക്കുന്നത്. താന്‍ പണക്കാരനല്ല. എന്നാല്‍ പണമുണ്ട്. താന്‍ ആദായനികുതി അടയ്ക്കുന്ന ആളാണെന്നും ചെന്നിത്തല പറഞ്ഞു.