തിരുവനന്തപുരം: ഡപ്യൂട്ടി കമ്മിഷണര്‍ ചൈത്ര തെരേസ ജോണിനെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ പീഡകരേയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷഷനു നേര്‍ക്ക് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാന്‍ അര്‍ധരാത്രി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തിലാണ് ഡിസിപി ചൈത്ര തെരേസ ജോണിനെ മാറ്റിയത്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ മുഖ്യമന്ത്രി നേരിട്ട് ചൈത്ര തെരേസ ജോണിനോട് വിശദീകരണം ആരായുകയും അവരെ തല്‍സ്ഥാനത്തുനിന്നും നീക്കുകയുമായിരുന്നു. ഡിസിപിയെ മാറ്റിയ നടപടിയെ പ്രതിപക്ഷ നേതാവ് അതി ശക്തമായി വിമര്‍ശിച്ചു. സ്ത്രീസുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാര്‍ വനിത പോലീസ് ഉദ്യേഗസ്ഥയെ തന്റെ ഉത്തരവാദിത്തം നിറവേറ്റിയെന്ന പേരില്‍ സാമാന്യമര്യാദ പോലും കാണിക്കാതെ സ്ഥലംമാറ്റുകയായിരുന്നു. ഇതുപോലെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കു വഴങ്ങിയില്ലെന്ന പേരിലാണു തിരുവനന്തപുരം കമ്മിഷണറെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു നീക്കിയത്. ഇതെല്ലാം പോലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടികളാണെന്നും ചെന്നിത്തല പറഞ്ഞു.