തിരുവനന്തപുരം• തെരുവുനായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനകാ ഗാന്ധി മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചു സംസാരിക്കുന്നുവെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. ഇങ്ങനെ സംസാരിക്കാന്‍ മേനകയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്നു ചെന്നിത്തല ചോദിച്ചു. തെരുവുനായകള്‍ മനുഷ്യരെ കൊല്ലുന്ന സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ശൂന്യവേള ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായാണ് അടിയന്തര പ്രമേയത്തിനുള്ള അപേക്ഷ പ്രതിപക്ഷം നല്‍കിയത്. അതിനാല്‍ പ്രമേയാനുമതി നല്‍കാനാവില്ലെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന വന്നത്. സഭയുടെ പൊതുവികാരം എന്ന നിലയ്ക്കാണു വിഷയം ഉയര്‍ന്നത്.
മേനകാ ഗാന്ധി ഒരു ഹിപ്പോക്രാറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. ഒരു സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും അവഗണിക്കാന്‍ അവര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ജനങ്ങള്‍ ഭീതിയിലാണ്. ഈ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അടിയന്തര പ്രമേയത്തിന് അപേക്ഷിച്ചതെന്നു ചൂണ്ടിക്കാട്ടി ഇന്നു പരിഗണിക്കാനാകില്ലെന്നു സ്പീക്കര്‍ അറിയിക്കുകയായിരുന്നു.