തിരുവനന്തപുരം •നോട്ട് പിന്‍വലിച്ചതിലൂടെ വലഞ്ഞിരിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി റേഷന്‍ വിതരണവും പൂര്‍ണ്ണമായി മുടങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം റേഷന്‍കടകളില്‍ അരിയില്ലാത്ത സ്ഥിതിയാണ്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെയും സംസ്ഥാനം അരി നല്‍കാതെയും ജനത്തെ ദ്രോഹിക്കുകയാണ്. സര്‍ക്കാര്‍ പണമടയ്ക്കാത്തത് കാരണം ഫുഡ് കോര്‍പ്പറേഷന്‍ റേഷനരി നല്‍കിട്ടില്ല. ഇതോടെയാണ് റേഷന്‍ കടകള്‍ കാലിയായത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പഴും ആശയക്കുഴപ്പമാണ്. പുതിയ നിയമമനുസരിച്ച് ഡീലര്‍മാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് എഫ്സിഐയില്‍ പണം അടയ്ക്കേണ്ടത്.
സമയത്തിന് റേഷനെടുക്കാത്തത് കാരണം നേരത്തെ തന്നെ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അത് ഇപ്പോള്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. റേഷന് അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് 13.5 ലക്ഷം പരാതികളാണ് ലഭിച്ചത്. അവയിലൊന്നും തീരുമാനമെടുത്തിട്ടില്ല. തീരെ ദരിദ്രരായവരും നിത്യപട്ടിണിക്കാരും വരെ മുന്‍ഗണനാ ലിസ്റ്റിന് പുറത്താണിപ്പോള്‍. ഇപ്പോഴത്തെ ലിസ്റ്റ് അനുസരിച്ച് മുന്‍ഗണാ ലിസ്റ്റിന് പുറത്തുള്ള 1.21 കോടി പേര്‍ക്ക് രണ്ടു രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡിയോടെ നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. പക്ഷേ അത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. സംസ്ഥാനത്തിന്റെ പ്രത്യേകത കേന്ദ്രത്തെ ബോധ്യപ്പെടുത്തി കേരളത്തിന് ആവശ്യമായ അരി വിഹിതം നേടിയെടുക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞില്ല. 16.5 ലക്ഷം മെട്രിക് ടണ്‍ അരിയാണ് നമുക്ക് വേണ്ടത്. പക്ഷേ കേന്ദ്രം 10 മെട്രിക് ടണ്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത് കാരണം അത് 14.25 ലക്ഷം ടണ്ണായി ഉയര്‍ത്തി. അതും നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. 1.54 കോടി പേര്‍ക്ക് മാത്രമേ റേഷന്‍ അനുവദിക്കൂ എന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. അതായത് 1.87 കോടി പേര്‍ക്ക് റേഷന്‍ ഇല്ലെന്ന് അര്‍ഥം. കേന്ദ്ര നിലപാട് തിരുത്താന്‍ ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ് സര്‍ക്കാര്‍. നോട്ട് ക്ഷാമത്തിന് പുറമെ റേഷനരി കൂടി ഇല്ലാതാവുന്നതോടെ ജനജീവിതം അക്ഷരാര്‍തത്തില്‍ വഴി മുട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.