പാലക്കാട്• ശിരുവാണി പുഴയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന അട്ടപ്പാടി വാലി ജലസേചന പദ്ധതിക്കു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് തെറ്റായിപ്പോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്നാടിന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് കേന്ദ്രം അനുമതി റദ്ദാക്കിയത്. കാവേരി ട്രൈബ്യൂണല്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട 6.47 ടിഎംസി ജലം ഉപയോഗപ്പെടുത്തണമെങ്കില്‍ കേരളത്തിന് ഈ പദ്ധതി അനിവാര്യമാണ്. ഈ പദ്ധതി വരുന്നത് തമിഴ്നാടിന് പ്രയാസം ഒന്നും ഉണ്ടാകില്ല. തമിഴ്നാടിന്‍റെ ഉള്‍പ്പെടെയുള്ള പ്രദേശത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഉയരാന്‍ പദ്ധതി സഹായകരമാകും. അട്ടപ്പാടിയിലെ വരള്‍ച്ചയും കുടിവെള്ളക്ഷാമവും പരിഹരിക്കാന്‍ പദ്ധതി ഉപകാരപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അട്ടപ്പാടി വാലി ജലസേചന പദ്ധതി പ്രദേശ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയില്‍ സമീപകാലത്ത് ശിശുമരണങ്ങള്‍ നടന്ന വിവിധ ഊരുകളും അദ്ദേഹം സന്ദര്‍ശിച്ചു.