തിരുവനന്തപുരം : ഏകാധിപത്യത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ സിപിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നതെന്നും തികഞ്ഞ ഏകാധിപത്യ പ്രവണതയാണ് അദ്ദേഹത്തിന്‍റെതെന്നും ചെന്നിത്തല ആരോപിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യുഡിഎഫ് ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്കു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചു തീര്‍ക്കാന്‍ കഴിയുന്ന വിഷയങ്ങളാണ് ഏകാധിപതിയെപ്പോലെ പെരുമാറിക്കൊണ്ട് അദ്ദേഹം വഷളാക്കുന്നത്. ലോ അക്കാഡമി വിഷയമുള്‍പ്പെടെ എല്ലാ കാര്യത്തിലും പിണറായി അനാവശ്യ കടുംപിടുത്തം തുടരുകയാണ്. അക്കാഡമിക്ക് നല്‍കിയ ഭൂമിയില്‍ ചട്ടം ലംഘിച്ച് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍ പിണറായി അക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. വിഎസും സിപിഐയും മാധ്യമങ്ങളും ജനങ്ങളുമൊക്കെ ഈ വിഷയത്തില്‍ എതിരായിട്ടും പിണറായി അനങ്ങുന്നില്ല. ഏകാധിപത്യത്തിന്‍റെ കാര്യത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണ്- ചെന്നിത്തല പറഞ്ഞു.