ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന ഈ സര്‍ക്കാരിന്റെ കാലത്ത് പ്രശസ്തയായ ഒരു നടിക്ക് പോലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിസംഗ മനോഭാവമാണ് സ്വീകരിക്കുന്നത്. ഇത് പോലീസിന്റെ അലംഭാവത്തിനും കാരണമാവുന്നു. കേരളം ഗുണ്ടകളുടെയും സാമൂഹ്യ ദ്രോഹികളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നാടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമപരമല്ലാത്ത ഏതെങ്കിലും പരാതി കിട്ടിയാല്‍ പോലും അതില്‍ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ വേണ്ടി വിജിലന്‍സിനെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. വിജിലന്‍സിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതിനാലാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും ചെന്നിത്തല പറഞ്ഞു. വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം. കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. വിലക്കയറ്റം തടയാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്തനംതിട്ടയില്‍ വിമാനത്താവളം വരുന്നതില്‍ തെറ്റില്ല. ശബരിമലയും ധാരാളം വിദേശ മലയാളികളും ഉള്ളതിനാല്‍ തന്നെ വിമാനത്താവളം വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.