തിരുവനന്തപുരം : നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കുമ്പോൾ, കേസ് വഴിതിരിച്ചുവിടാനാണ് ഈ പ്രസ്താവനയെന്നാണ് സംശയം. അന്വേഷണം നടക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തെറ്റാണ്. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും’ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലേതു പോലുള്ള സംഭവങ്ങളിൽ നിരപരാധികൾക്കെതിരെ വ്യാപക വ്യാജപ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത്.ഇത്തരം കുപ്രചാരണങ്ങൾ തെറ്റാണെന്നും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.