നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് രമേശ് ചെന്നിത്തല

98

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ നേമത്ത് മത്സരിക്കാന്‍ താന്‍ തയ്യാറെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച്‌ യുഡിഎഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. തങ്ങളുടെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച്‌ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കരുതെന്നും വടകര എംപിയായ കെ മുരളീധരന് ഇളവ് നല്‍കി അദ്ദേഹത്തെ അവിടെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് എ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് എ ഗ്രൂപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.

നേമത്ത് കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണം എന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധിക്കുമോ എന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആരാഞ്ഞു എന്ന വിവരവും പുറത്തുവന്നിരുന്നു.വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും രമേശും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് നേമത്തെ കാര്യം സര്‍പ്രൈസ് ആയി തുടരട്ടെ എന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

NO COMMENTS