പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടന്ന സമരത്തിന്‍റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാകും. ജാമ്യമെടുക്കുന്നതിനായാണ് രമേശ് ചെന്നിത്തല ഹാജരാകുന്നത്.രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും നേതൃത്വത്തില്‍ യു ഡി എഫ് സംഘം പമ്ബ വരെ എത്തി മടങ്ങുകയായിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റിവിടുകയുള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. പിന്നീട്, പൊലീസ് അനുമതിയോടെ സംഘം പമ്ബ സന്ദര്‍ശിച്ചു. എന്നാല്‍, സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യു ഡി എഫ് സംഘം മടങ്ങുകയായിരുന്നു. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേസില്‍ നേരത്തെ ജാമ്യം എടുത്തിരുന്നു. നേതാക്കളും ജനപ്രതിനിധികളുമടക്കം 17 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. നവംബര്‍ 20 നാണ് നിലയ്ക്കലിലും പമ്ബയിലും പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യു ഡി എഫിന്‍റെ ഒന്‍പത് നേതാക്കളും അമ്ബതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്.