രാംകുമാറിന്‍റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

259

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാംകുമാറിന്‍റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജി കീഴ്ക്കോടതിയില്‍ സമര്‍പ്പിയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിയ്‌ക്കുന്നതിനാല്‍ രാവിലെ രാംകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് ഉപാധികളോടെ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കി.ഇന്നലെ ഉച്ചയോടെയാണ് സ്വാതി കൊലക്കേസ് പ്രതി രാംകുമാറിനെ ചെന്നൈ പുഴല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് കമ്പി കടിച്ച് സ്വയം ഷോക്കടിപ്പിച്ചാണ് രാംകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ജയിലധികൃതര്‍ ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തിരുനെല്‍വേലിയിലെ ചെങ്കോട്ട സ്വദേശിയായ ഇയാളെ പിടികൂടാനായി പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ വെച്ച് ഇയാള്‍ മുന്‍പ് കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.ആത്മഹത്യാപ്രവണതയുള്ളയാളായതിനാല്‍ ഇയാളെ ജയിലില്‍ പ്രത്യേകസുരക്ഷയുള്ള സെല്ലിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ രാംകുമാറിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് വരെ രാംകുമാറിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. തങ്ങള്‍ നിര്‍ദേശിയ്‌ക്കുന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലേ രാംകുമാറിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താവൂ എന്ന അച്ഛന്‍ പരമശിവത്തിന്റെ ആവശ്യം കോടതി പൂര്‍ണമായി അംഗീകരിച്ചില്ല.കില്‍പാക്ക് മെഡിക്കല്‍ കോളേജിലെ മൂന്ന് വിദഗ്ധഡോക്ടര്‍മാര്‍ക്കൊപ്പം രാംകുമാറിന്റെ ബന്ധുക്കള്‍ നിര്‍ദേശിച്ച നാലാമതൊരു ഡോക്ടറെക്കൂടി പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുപ്പിയ്‌ക്കാമെന്ന് കോടതി വ്യക്തമാക്കി. സ്വാതി കൊലക്കേസിലും രാംകുമാറിന്റെ മരണത്തിലും സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിയ്‌ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.ഇതിനിടെ, രാംകുമാറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിസികെ നേതാവ് തോല്‍ തിരുമാവളവന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോയപ്പേട്ട ആശുപത്രിയ്‌ക്ക് മുന്‍പിലുള്ള റോഡ് ഉപരോധിച്ചു. ജൂണ്‍ അവസാനവാരമാണ് ചെന്നൈ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വാതിയെന്ന ഐടി ജീവനക്കാരിയെ രാംകുമാര്‍ വെട്ടിക്കൊന്നത്.

NO COMMENTS

LEAVE A REPLY