റാഞ്ചി: സെഞ്ചുറി നേടിയ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും(117) ഗ്ലെന്‍ മാക്സ്വെല്ലിന്റെയും (82) മികവില്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്.നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന നിലയിലാണ് ഒന്നാം ദിനം ആസ്ട്രേലിയ സ്റ്റംപെടുത്തത്. ഇരുവരും പുറത്താകാതെ നില്‍ക്കുകയാണ്. മൂന്നിന് 89 റണ്‍സ് എന്ന നിലയിലായിരുന്ന ഒാസീസിനെ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 159 റണ്‍സാണ് 47.4 ഒാവര്‍ നേരിട്ട സഖ്യം ഒാസീസ് സ്കോറില്‍ കുറിച്ചത്. ഈ പരമ്ബരയിലെ രണ്ടാം സെഞ്ചുറിയാണ് റാഞ്ചിയില്‍ സ്മിത്ത് കുറിച്ചത്. നേരത്തേ ടോസ് നേടിയ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യമിറങ്ങിയ മാറ്റ് റെന്‍ഷോ (44), ഡേവിഡ് വാര്‍ണര്‍ (19), ഷോണ്‍ മാര്‍ഷ് (2), പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (19) എന്നിവര്‍ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ വീണു. ഉമേഷ് യാദവ് രണ്ടും അശ്വിന്‍, ജഡേജ, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പിന്നീടെത്തിയ സ്മിത്ത്- മാക്സവെല്‍ സഖ്യത്തെ പിരിയിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കഴിവതും ശ്രമിച്ചെങ്കിലും നടന്നില്ല. ഏകദിനശൈലിയില്‍ ബാറ്റു വീശിയാണ് വാര്‍ണര്‍-റെന്‍ഷോ സഖ്യം കളി തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് 9.4 ഓവറില്‍ കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ് നേടിയിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഒരോ മത്സരം വീതം ജയിച്ച് ഇന്ത്യയും ആസ്ട്രേലിയയും പരമ്ബരയില്‍ സമനിലയില്‍ പാലിച്ചിരിക്കുകയാണ്.