ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പറയാനിരിക്കെ ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വിധി വരാ നിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് അറിയാനാണ് ഇരുവരേയും ചീഫ് ജസ്റ്റിസ് ദില്ലിയിലേക്ക് വിളിപ്പിച്ചത്.
സംസ്ഥാനം ഇതുവരെ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ചീഫ് ജസ്റ്റിസിന് മുമ്ബാകെ അവതരിപ്പിക്കും. പോലീസ് സേനക്ക് പുറമെ നിരവധി കമ്ബനി അര്‍ധ സൈനിക വിഭാഗങ്ങളേയും ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിധ്വംസക സന്ദേശങ്ങള്‍ പ്രചര്‍പ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍എസ്‌എ) കേസ് എടുക്കാന്‍ തയ്യാറായേക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടത്തുന്നുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ആക്ഷേപപരമോ പ്രകോപനപരമോ ആയ പോസ്റ്റുകള്‍ കണ്ടാല്‍ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു.