ബെംഗളൂരു• പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുജ്താബ ജലാല്‍ (23), ഇറാഖ് സ്വദേശി കരം അബ്ദുല്‍ അഹമ്മദ് (23) എന്നിവരെ കെആര്‍പുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴിനു വൈകിട്ടാണു സംഭവം.
ബാനസവാടി സ്വദേശിയായ പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എംജി റോഡിലെ ഫ്യൂഷന്‍ ലോഞ്ച് പബില്‍ പോയിരുന്നു. അവിടെ ജലീലിനെയും അഹമ്മദിനെയും കൂട്ടുകാരി പരിചയപ്പെടുത്തി. രാത്രി ടാക്സി കിട്ടാതെ വന്നപ്പോള്‍ വീട്ടില്‍ വിടാമെന്നറിയിച്ച യുവാക്കള്‍ കബളിപ്പിച്ച് അവരുടെ വാടകവീട്ടിലേക്കു കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ കോളജില്‍ ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇരുവരുടെയും പാസ്പോര്‍ട്ട് പിടിച്ചെടുത്ത പൊലീസ് അതത് എംബസികളെ വിവരം അറിയിച്ചിട്ടുണ്ട്.