താനെ: താനെയില്‍ പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ഥിനിയെ രണ്ട് സഹപാഠികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞദിവസം സ്കൂള്‍ പരിസരത്ത് വെച്ചാണ് സംഭവമെന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെയും സ്കൂള്‍ ബസ് ഉടമയെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 15നാണ് പരാതിക്കിടയാക്കിയ സംഭവം. മറ്റു കുട്ടികളെക്കാള്‍ നേരത്തെ പരീക്ഷ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി സ്കൂള്‍ ബസ്സില്‍ തനിച്ചിരിക്കുകയായിരുന്നു. ബസ്സില്‍ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതായി പറയുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ടുപേര്‍ ബസ്സില്‍ കയറുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതോടെ രണ്ടാമത്തെ വിദ്യാര്‍ഥി ബസ്സില്‍ നിന്നും ഇറങ്ങിപ്പോയി.
ഇതിനുശേഷം പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും സമീപത്തുണ്ടായിരുന്ന ബസ് ഉടമയുടെ കാറിലേക്ക് കയറ്റുകയായിരുന്നു. വിദ്യാര്‍ഥികള്‍ കയറിയതോടെ ബസ്സുടമ കാര്‍ ഗെമുഖ് ക്രീക്കിലേക്ക് ഓടിച്ചു. ഇവിടെവെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഓവ്ല പെട്രോള്‍ പമ്പില്‍ മൂന്നു വിദ്യാര്‍ഥികളെയും ഇറക്കി ബസ്സുടമ കാര്‍ ഓടിച്ചു പോവുകയായിരുന്നു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ബസ്സിലുണ്ടായിരുന്ന പെണ്‍കുട്ടി സ്കൂള്‍ ടീച്ചറോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നു. അധ്യാപിക കുട്ടിയുടെ മാതാവിനെയും പിന്നീട് രക്ഷിതാക്കള്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.