ബംഗളുരു: വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു ദക്ഷിണേന്ത്യന്‍ നടി രശ്മിക മന്ദാനയുടെ കുടക് ജില്ലയിലെ വിരാജ്പേട്ടയിലെ വീട്ടില്‍ പത്തോളം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്
ഹൈദരാബാദില്‍ ഒരു സിനിമാ ഷൂട്ടിംഗിലായിരുന്ന നടി ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്പോള് വീട്ടിലുണ്ടായിരുന്നില്ല.നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായാണു റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബിട്ടന്ഗളയില് നടി ആരംഭിക്കാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ സ്കൂളിലെ സംബന്ധിച്ചും പെട്രോള്‍ പന്പിനെ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ നടിയുടെ പിതാവിനോടു വിവരങ്ങള്‍ തേടി.
നിരവധി കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രശ്മിക മലയാള പ്രേക്ഷകര്‍ക്കിടയിലും പ്രശസ്തയാണ്. 2016-ല്‍ രക്ഷിത് ഷെട്ടിക്കൊപ്പം കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണു രശ്മിക വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. മഹേഷ് ബാബുവിനൊപ്പം ഇവര്‍ അഭിനയിച്ച ചിത്രം തിയറ്ററുകളില്‍ പ്രദര്ശിപ്പിക്കവെയാണു റെയ്ഡ്.