കാസര്‍കോട് • സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി ഓണത്തിനു മുന്‍പുതന്നെ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി ഭക്ഷ്യവകുപ്പുമായി സഹകരിച്ചു പൊതു വിപണിയില്‍നിന്ന് അയ്യായിരം ടണ്‍ അരി സംഭരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അരി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു പാളിച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉച്ചഭക്ഷണ പദ്ധതിയില്‍ നല്‍കുന്ന അരിയാണ് സൗജന്യ വിതരണത്തിന് ഉപയോഗിക്കുക. രണ്ടാംഘട്ട അലോട്ട്മെന്റ് വരാഞ്ഞതോടെ എഫ്സിെഎ അരി നല്‍കാതിരുന്നതാണ് വിതരണം പ്രതിസന്ധിയിലാകാനുള്ള കാരണം. എഫ്സിഐയില്‍നിന്ന് അരി കിട്ടാഞ്ഞതോടെ പൊതുവിപണിയില്‍നിന്ന് അരി വാങ്ങി നല്‍കാന്‍ സപ്ലൈകോ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഇതു എളുപ്പമല്ലെന്നു കാണിച്ച് മാനേജര്‍മാര്‍ കത്തെഴുതിയതോടെ മിക്കയിടത്തും സര്‍ക്കാര്‍ അരികൊണ്ട് ഒാണമുണ്ണാമെന്ന കുട്ടികളുടെ പ്രതീക്ഷ അസ്ഥാനത്തായി.സൗജന്യ അരിക്ക് അര്‍ഹരായിട്ടുള്ള 26,54365 കുട്ടികള്‍ക്ക് അഞ്ചുകിലോ വീതം നല്‍കാന്‍ ആകെവേണ്ടത് 13271 മെട്രിക് ടണ്ണാണ്. ഇതില്‍ 8504 മെട്രിക് ടണ്‍ അരിയും പുറത്തുനിന്നു വാങ്ങണം.