തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. ചെന്നൈയിലെ റീജണല്‍ ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധയില്ലെന്നു കണ്ടെത്തിയത്. ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും ഇതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവിടാന്‍ കഴിയൂ എന്നും ആര്‍സിസി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണു രക്താര്‍ബുദത്തെത്തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷന്‍ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നു സംശയമുണര്‍ന്നത്. സംഭവത്തില്‍ ആര്‍സിസിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍സിസിക്ക് സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.