മൂന്നാറില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് ശുപാര്‍ശ – മലയോര ഹൈവേ അവലോകന യോഗം ആഗസ്റ്റ് 8ന് – ജില്ലാ വികസന സമിതി

104

ഇടുക്കി : മൂന്നാറില്‍ ഡ്രൈവിംഗ് ടെസ്റ്റിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. കാന്തല്ലൂര്‍-മറയൂര്‍-വട്ടവട പ്രദേശങ്ങളിലുള്ളവര്‍ക്ക് ടെസ്റ്റിന് ഹാജരായി മടങ്ങിയെത്തുമ്പോള്‍ 200ഓളം കിലോമീറ്റര്‍ യാത്രചെയ്യേണ്ടി വരുന്നുണ്ടെന്ന് എസ് രാജേന്ദജ്രന്‍ എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചപ്പോഴാണ് സമിതി ഇക്കാര്യം സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

മലയോര ഹൈവേ പുനരുദ്ധാരണം സംബന്ധിച്ച ആലോചന യോഗം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മാങ്കുളം പഞ്ചായത്ത് ഹാളില്‍ ചേരുമെന്നും യോഗത്തില്‍ അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പൊതുമരാമത്ത്, റവന്യു, ഫോറസ്റ്റ്, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്നാര്‍ തെന്‍മലയിലും അടിമാലി പഴമ്പള്ളിച്ചാലിലും ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ എംഎല്‍എ ബിഎസ്എന്‍എല്ലിനോട് ആവശ്യപ്പെട്ടു.

എസ് രാജേന്ദ്രന്‍ എംഎല്‍എ മുന്‍ വികസന സമിതിയില്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിവിധ വകുപ്പ് മേധാവികള്‍ വികസന സമിതി യോഗത്തില്‍ സമര്‍പ്പിച്ചു. ഇടമലക്കുടിയില്‍ പ്രളയത്തില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ട മുഴുവന്‍ ആളുകള്‍ക്ക് ധനസഹായം നല്‍കിയതായും പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് ആദ്യ ഗഡു 1,01,900 രൂപ വീതം വിതരണം ചെയ്തിട്ടുണ്ടെന്ന് വീട് നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെന്നും ഇടമലക്കുടിയിലെ പ്രളയ പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി.

മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ വോല്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് 33 കെവി സബ്സ്റ്റേഷന്‍ നിര്‍മ്മാണവും അനുബന്ധപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതായി കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ അറിയിച്ചു. തൊടുപുഴ- ഉപ്പുകുന്ന്-പാറമട റോഡ് പുന:നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പിഡബ്ലുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ജനവാസ മേഖലകളില്‍ കൃഷിനാശമുണ്ടാക്കുന്ന ആനകളെ നിയന്ത്രിക്കാന്‍ മറയൂര്‍, കാന്തല്ലൂര്‍ റേഞ്ചുകളിലെ ഇന്ദിരാ നഗര്‍, ബാബുനഗര്‍, പുറവയല്‍, കുണ്ടക്കാട്, വെട്ടുകാട്, കര്‍ശനാട്, ചിന്നവര പ്രദേശങ്ങളില്‍ സൗരോര്‍ജ വേലിയും, ട്രഞ്ചും സ്ഥാപിച്ചിട്ടുണ്ടെന്നും കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ തദ്ദേശവാസികളായ വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ദേവികുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാട്ടാനകളുടെ സാന്നിധ്യം അറിയിക്കുന്നതിനായി എസ്എംഎസ് അലേര്‍ട്ട് സിസ്റ്റം നടപ്പിലാക്കിയിട്ടുള്ളതായും ഡിഎഫ്ഒ അറിയിച്ചു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കൂര്യാക്കോസ് എംപിയെ പ്രതിനിധീകരിച്ച് എ.പി ഉസ്മാന്‍, എഡിഎം ആന്റണി സ്‌കറിയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS