ചിറ്റേഗാങ്: ബംഗ്ലാദേശിലെ കോക്സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പ് ഇപ്പോള്‍ നിറഞ്ഞുകവിഞ്ഞുകഴിഞ്ഞു. ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ ആവാത്തവിധം ശ്വാസം മുട്ടുന്നു. 1600 പേരടങ്ങുന്ന റോഹിങ്ക്യന്‍ സംഘത്തെ ഭസാന് ചാര് ദ്വീപിലേക്ക് കഴിഞ്ഞയാഴ്ചയാണ് മാറ്റിയത്. ഇപ്പോള്‍ 1000 പേരടങ്ങിയ മറ്റൊരു സംഘവും പുറപ്പെട്ടുകഴിഞ്ഞു. കോക്സ് ബസാറില്‍നിന്ന് ചിറ്റഗോങ്ങിലേക്കാണ് ആദ്യം അവര്‍ എത്തുക. ഇപ്പോള്‍ അവരുടെ മുന്നിലുള്ളത് കടലിനു നടുവിലെ എപ്പോള്‍ വേണമെങ്കിലും പ്രളയമെടുക്കാവുന്ന ഒരു ദ്വീപാണ്. 20 വര്‍ഷം മുമ്ബ് ബംഗാള്‍ ഉള്‍ക്കടലില്‍ ഉയര്‍ന്നുവന്ന ഭസാന് ചാര് ദ്വീപ്.
20 വര്‍ഷം മുമ്ബ് ബംഗാള്‍ ഉള്‍ക്കടലിലെ വിദൂരമായ പ്രദേശത്ത് ഉയര്‍ന്നുവന്ന ദ്വീപാണ് ഭസാന് ചാര്. ഏതു നിമിഷവും കടല്‍ തിരികെ കൊണ്ടുപോകുമെന്ന ആശങ്കയുമുണ്ട്. പക്ഷേ, മ്യാന്മറിലെ ഭീകരര്‍ക്കു മുന്നില്‍ ജീവന് നഷ്ടപ്പെട്ടവരെ ഓര്‍ക്കുമ്ബോള്‍ ഈ തുരുത്തുപോലും അവര്‍ക്ക് ആശ്വാസമാണ്. സ്വന്തം മണ്ണിലേക്ക് തിരികെ പോരാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട ഓര്മ അവര്‍ക്കു മുന്നിലുണ്ട്. തിരികെയെത്തിയാല്‍ നേരിടേണ്ടിവരുന്ന കൊടുംഭീകരതയോര്ത്ത് പിന്‍വാങ്ങിയവരാണ് അവരിലധികവും.
ഇളകുന്ന കടലിലെ ചെറിയ കപ്പലില്‍ തിങ്ങിഞെരുങ്ങി പ്രതീക്ഷകളറ്റ ഒരു ജനത നിസ്സംഗരായി പുറപ്പെടുകയാണ്. ദ്വീപിലേക്ക് പോകാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും താല്പര്യമുണ്ടെങ്കില് മാത്രം പോയാല്‍ മതിയെന്നും അധികൃതര്‍ പറയുന്നുണ്ട്. പക്ഷേ, ദ്വീപിലേക്ക് പോകാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി അഭയാര്ഥികള്തന്നെ പറയുന്നുവെന്നാണ് റിപ്പോട്ടുകൾ