റിലയന്‍സിന് 10,000 കോടി പിഴ

178

ന്യൂഡല്‍ഹി: പൊതുമേഖല കമ്പനിയായ ഒ.എന്‍.ജിസിയുടെ പ്രകൃതി വാതകം ഊറ്റിയെടുത്തതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസും പങ്കാളികളും 10311.76 കോടി രൂപ പിഴ അടയ്ക്കണം കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൃഷ്ണ ഗോദാവരി തടത്തിലെ ഒ.എന്‍.ജി.സി എണ്ണപ്പാടത്തെ പ്രകൃതിവാതകം അടുത്തുള്ള റിലയന്‍സിന്‍റെ എണ്ണപ്പാടത്തേക്ക് ചോര്‍ത്തിയതിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഒഎന്‍ജിസിയുടെ പ്രകൃതിവാതക പാടത്തിനോട് ചേര്‍ന്നുള്ള സ്വന്തം സ്രോതസ് ഉപയോഗിച്ച്‌ റിലയന്‍സ് 11.22 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഊറ്റിയെടുത്തെന്ന് ഇരുകമ്പനികളും സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കത്തില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എ.പി ഷാ കമ്മിറ്റി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് ഷാ തന്‍റെ റിപ്പോര്‍ട്ട് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആഴ്ചകള്‍ക്ക് മുമ്ബ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ റിലയന്‍സിന് പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.
കെ ജി ആര്‍ ബ്ലോക്കിലെ ഒഎന്‍ജിസിയുടെ ഡി ഒന്ന്, ഡി രണ്ട് പ്രകൃതിവാതക പാടങ്ങളിലെ പ്രകൃതിവാതക ശേഖരം റിലയന്‍സ് ഏറക്കുറേ പൂര്‍ണമായും ഊറ്റിയെടുത്തു. തര്‍ക്കത്തെ തുടര്‍ന്ന് ഒഎന്‍ജിസിയും റിലയന്‍സും യോജിച്ച്‌ നിയോഗിച്ച യു എസ് ആസ്ഥാനമായുള്ള ഡിഗോളയര്‍ ആന്‍ഡ് മാക്തോട്ടന്‍ എന്ന കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിന്‍റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു ജസ്റ്റിസ് ഷാ കമ്പനിയുടെ റിപ്പോര്‍ട്ട്. 2009 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച്‌ 31 വരെയുള്ള ആറുവര്‍ഷക്കാലയളവിലാണ് പൊതുമേഖലാ ഒഎന്‍ജിസിക്ക് അനുവദിക്കപ്പെട്ട പ്രകൃതിവാതകം റിലയന്‍സ് ഊറ്റിയെടുത്തത്.

NO COMMENTS

LEAVE A REPLY