എന്തിനാണ് ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കൊടുക്കുന്നത്?

294

നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളും നല്‍കുന്നതിനേക്കാള്‍ മികച്ച ഓഫറാണ് റിലയന്‍സ് ജിയോ മുന്നോട്ട് വയ്ക്കുന്നത്. വോയ്സ് കോളുകള്‍ പൂര്‍ണമായും സൗജന്യം- അതില്‍ എസ് ടിഡി എന്നോ ലോക്കല്‍ കോള്‍ എന്ന വ്യത്യാസമില്ല, റോമിങ് ചാര്‍ജ്ജുകളില്ല. ഡിസംബര്‍ 31 വരെ 4ജി ഡാറ്റയും സൗജന്യം.മറ്റ് സേവനദാതാക്കള്‍ വന്‍തുക ഈടാക്കി നല്‍കുന്ന സേവനങ്ങളാണ് ജിയോ സൗജന്യമായി നല്‍കന്നത്.സൗജന്യം നല്‍കാന്‍ ജിയോ ഒരു സര്‍ക്കാര്‍ സംവിധാനമല്ല. സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് സഹായമൊന്നും കിട്ടുന്നും ഇല്ല. പണമെറിഞ്ഞ് പണം വാരാന്‍ തന്നെയാണ് മുകേഷ് അംബാനി ബിസിനസ് ചെയ്യുന്നത്.പിന്നെങ്ങനെയാണ് ഇത്രയധികം ആളുകള്‍ക്ക് ഈ സേവനങ്ങളെല്ലാം സൗജന്യമായി നല്‍കുന്നത്? എന്താണ് അതിന് പിന്നിലെ സത്യം?

ഡിസംബര്‍ 31 വരെ ജിയോ സിം ഉപയോഗിക്കുന്നവര്‍ക്ക് ഡാറ്റയും വോയ്സ് കോളും അണ്‍ലിമിറ്റഡ് ആണ്. അതില്‍ത്തന്നെ ചില സംശയങ്ങളുണ്ടെങ്കിലും അണ്‍ലിമിറ്റഡ് എന്നതില്‍ മാറ്റമില്ല.

ലോകത്ത് എന്ത് ഉത്പന്നം ഉണ്ടാക്കിയാലും അത് ഒരു വിഭാഗത്തില്‍ പരീക്ഷിച്ച്‌ നോക്കും. അത്തരം ഒരു പരീക്ഷണത്തിന് തന്നെയാണ് ജിയോ ഇപ്പോള്‍ ഈ അണ്‍ലിമിറ്റഡ് ഓഫറിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യം മുഴുവന്‍ ജിയോയ്ക്ക് നെറ്റ് വര്‍ക്കുണ്ട്. പക്ഷേ ഇത് എങ്ങനെയാണ് കൃത്യമായി പ്രവര്‍ത്തിക്കുന്നത് എന്ന് വിലയിരുത്തേണ്ടതുണ്ട്. അതിന് യഥാര്‍ത്ഥ യൂസര്‍മാരെ തന്നെ കിട്ടണം.

ജിയോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണം എന്നത് സിം ആക്ടിവേഷന് ആവശ്യമായ കാര്യമാണ്. അത്രയധികം ജിയോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. സാങ്കേതിക ക്ഷമത പരീക്ഷിയ്ക്കുകയും ചെയ്യാം.

ജിയോ മുന്നോട്ട് വയ്ക്കുന്ന ഓഫറുകള്‍ സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല. നിലവില്‍ മറ്റ് കമ്ബനികളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരും ഒരുപരീക്ഷണത്തിനായി ജിയോയില്‍ എത്തും.

ഫ്രീ ആയി 4ജി ഉപയോഗിച്ച്‌ ഉപഭോക്താക്കളെ ശീലിപ്പിക്കും. പിന്നീട് 3ജിയിലേക്കോ 2ജിയിലേക്കോ തിരിച്ച്‌ പോകാന്‍ ആളുകള്‍ മടിക്കുമെന്ന് ഉറപ്പല്ലേ. അങ്ങനെ ഇപ്പോഴുള്ള ഉപഭോക്താക്കളില്‍ ഒരു വലിയ വിഭാഗത്തിനെ നിലനിര്‍ത്താന്‍ സാധിക്കും.

4ജി ഉപയോഗിച്ച്‌ ശീലിച്ചവരെ അതില്‍ തന്നെ പിടിച്ച നിര്‍ത്താന്‍ പറ്റുന്ന പ്ലാനുകള്‍ ആണ് ജിയോ 2017 ജനുവരിയില്‍ അവതരിപ്പിയ്ക്കുന്നത്. 600 രൂപമുതല്‍ 900 രൂപവരെ പ്രതിമാസം ചെലവഴിക്കുന്ന ഉപഭോക്താക്കളാണ് മിക്ക ടെലിക്കോം കമ്ബനികളുടേയും ഏറ്റവും മികച്ച ആസ്തി. അത് വളര്‍ത്തിക്കൊണ്ടുവരാന്‍ ഈ അണ്‍ലിമിറ്റഡ് ഫ്രീയിലൂടെ സാധിക്കും.

നെറ്റ് വര്‍ക്കിലുള്ള പ്രശ്നങ്ങള്‍, ആപ്പുകളിലെ പ്രശ്നങ്ങള്‍, ഇന്‍ഡോര്‍- ഔട്ട് ഡോര്‍ റേഞ്ച് പ്രശ്നങ്ങള്‍ തുടങ്ങി ഒരുമാതിരി എല്ലാ കാര്യങ്ങളും സൗജന്യ ഉപഭോക്താക്കളുടെ ഉപയോഗത്തിലൂടെ കണ്ടെത്താനും സാധിക്കും. ഫ്രീ ആയതുകൊണ്ട് ആരും പരാതിപ്പെടുകയും ഇല്ലല്ലോ.

മൂന്ന് മാസം സൗജന്യം നല്‍കുന്നതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കിനേയും തങ്ങളുടെ കീഴിലാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് റിലയന്‍സിനുള്ളത്. പിന്നെ വരുമാനമുണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ..

ലബോറട്ടറികളിലെ ഗിനിപ്പന്നികളെ പോലെ തന്നെയാണ് റിലയന്‍സ് സൗജന്യ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ഉപയോഗിക്കുന്നത് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

NO COMMENTS

LEAVE A REPLY