തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളിലൂടെയുള്ള ശമ്പള പെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശമ്പള വിതരണം മുടങ്ങുമെന്നത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ല. തമിഴ്നാടും, ആന്ധ്രപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തെയും റിസര്‍വ് ബാങ്കിനെയും വിവരം ധരിപ്പിച്ചിരുന്നു. എന്നാല്‍, ഐസക്ക് ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തി. ശമ്പള ദിവസത്തിന് ഏതാനും ദിവസം മുമ്പാണ് ഐസക്ക് റിസര്‍വ് ബാങ്കിനെ സമീപിച്ചത്. തോമസ് ഐസക്കിന്‍റെ റോഡ് ഷോ മാത്രമാണ് നടത്തുന്നത്. ട്രഷറികള്‍ തോറും നടത്തുന്ന ഐസക്കിന്‍റെ റോഡ് ഷോ അവസാനിപ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി. ഡിസംബര്‍ മാസത്തെ വിതരണത്തിനായി ഇതുവരെ റേഷന്‍ എടുത്തിട്ടില്ല. സംസ്ഥാനത്തുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.