അക്കാറ: മഹാത്മാ ഗാന്ധി വംശീയ വിദ്വേഷിയാണെന്ന ആരോപണവുമായി ഘാന സർവ്വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും രംഗത്ത്.ഘാന യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ഇവർ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
1894ൽ ഗാന്ധിജി സൗത്ത് ആഫ്രിക്കയിലെ ഒരു പത്രത്തിനെഴുതിയ തുറന്ന കത്തിലെ പരാമർശം ഉയർത്തിക്കാട്ടിയാണ് ഘാന സർവ്വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാഗാന്ധിക്കെതിരെ ആരോപണമുന്നയിക്കുന്നത്.ആഫ്രിക്കക്കാരെ കാഫിർ എന്നും, കാടന്മാർ എന്നും ഗാന്ധിജി വിശേഷിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം.
ഇത്തരത്തിൽ വംശീയ വിദ്വേഷം വച്ച് പുലർത്തുന്ന ആളുടെ പ്രതിമ സർവ്വകലാശാലയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.ആഫ്രിക്കക്കാരെ വംശീയ അധിക്ഷേപം നടത്തിയ ഗാന്ധിയെക്കുറിച്ച് ചരിത്രം തെറ്റായാണ് പഠിപ്പിക്കുന്നതെന്നും അദേഹം വിദ്യാർത്ഥികൾക്ക് തെറ്റായ മാതൃകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.എന്നാൽ ഈ നടപടി അനാവശ്യമാണെന്നും ഘാനയുടെ താൽപര്യമല്ല പ്രതിഷേധക്കാർ ഉയർത്തിപ്പിടിക്കുന്നതെന്നും ഒരു വിഭാഗം അധ്യാപകർ പറഞ്ഞു..ഈ വർഷം ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജിയാണ് പ്രതിമ സർവ്വകലാശാലയിൽ അനാച്ഛാദനം ചെയ്തത്.