തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ജയം. രാജസ്ഥാനെ 132 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. 343 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 211 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുവ സ്പിന്നര്‍ സിജോമോന്‍ ജോസഫാണ് കേരളത്തിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ജലജ് സക്സേന രണ്ടും സന്ദീപ് വാര്യര്‍, നിധീഷ്, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മത്സരത്തില്‍ പത്ത് വിക്കറ്റും സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ കേരളത്തിന് ആറ് പോയിന്‍റ് കൂടി ലഭിച്ചു. ഇതോടെ 12 പോയിന്‍റുമായി സൗരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി കേരളം. 217/2 എന്ന നിലയില്‍ കേരളം അവാസന ദിവസം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്നെങ്കിലും അധികം വൈകും മുന്‍പേ ഡിക്ലയര്‍ ചെയ്തു. സഞ്ജു സാംസണ്‍ (72), സച്ചിന്‍ ബേബി (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. 105 റണ്‍സോടെ സക്സേന പുറത്താകാതെ നിന്നു. 342 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. റോബിന്‍ ബിസ്റ്റ് (70), ലോമര്‍ (53) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതിയത്. അഞ്ച് ബാറ്റ്സ്മാന്‍ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായി.