കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് സമനില. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ കേരളം വിലപ്പെട്ട മൂന്ന് പോയന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജമ്മു കശ്മീരിന് ഒരു പോയന്റ് ലഭിച്ചു.മഴമൂലം രണ്ട് ദിവസത്തെ കളി നഷ്ടമായ കളിയില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 306 റണ്‍സിന് മറുപടിയായി ജമ്മു 121 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ കേരളം 306, ജമ്മു 121, 91/4.
ജമ്മുവിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളത്തിന് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സിനിടെ അവരുടെ നാലു വിക്കറ്റുകളെ വീഴ്ത്താനായുള്ളു. കേരളത്തിനായി സെഞ്ചുറി നേടി സഞജു സാംസണാണ് കളിയിലെ താരം. 106/5 എന്ന സ്കോറിലാണ് ജമ്മു അവസാന ദിവസം ക്രീസിലിറങ്ങിയത്. മോനിഷിന്റെയും ഇക്ബാല്‍ അബ്ദുള്ളയുടെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന ജമ്മുവിന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും നഷ്ടമായി.
കേരളത്തിനായി മോനിഷ് നാലും ഇക്ബാല്‍ അബ്ദുള്ള മൂന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ ഇക്ബാല്‍ അബ്ദുള്ള മത്സരത്തിലാകെ അഞ്ച് വിക്കറ്റെടുത്തു. സമനിലയോടെ ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളമിപ്പോള്‍. രഞ്ജി അരങ്ങറ്റത്തില്‍ തന്നെ വിജയം കുറിച്ച ചത്തീസ്ഗഡും ഹൈദരാബാദുമാണ് 6 പോയന്റുമായി കേരളത്തിന് മുന്നിലുള്ളത്.