ഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളം മികച്ച നിലയില്‍. രണ്ടാം ദിവസം നാല് വിക്കറ്റിന് 223 എന്ന നിലയില്‍ കളിയാരംഭിച്ച കേരളം 180 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് പിന്നിട്ടു. 14 ഫോറിന്റെയും ആറു സിക്സിന്റെയും അകമ്ബടിയോടെ 214 പന്തില്‍ 157 റണ്‍സെടുത്ത ഇഖ്ബാല്‍ അബ്ദുള്ളയാണ് കേരളത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്ബോള്‍ ഇഖ്ബാല്‍ അബ്ദുള്ളയും സന്ദീപ് വാര്യരുമാണ് ക്രീസില്‍.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ഇഖ്ബാല്‍ അബ്ദുള്ള രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ അതിഥി താരമായാണ് കേരള ടീമിലെത്തിയത്. മുന്‍ മുംബൈ താരമായ ഇഖ്ബാല്‍ അബ്ദുള്ള തന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് ഭുവനേശ്വറില്‍ കുറിച്ചത്. എട്ടാം വിക്കറ്റില്‍ ഇഖ്ബാല്‍ അബ്ദുള്ള-മോനിഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 141 റണ്‍സ് കേരളത്തിന്റെ ഇന്നിങ്സ് 500 കടത്തി. നേരത്തെ അഞ്ചാം വിക്കറ്റില്‍ ജലജ് സക്സേനയും സച്ചിന്‍ ബേബിയും 147 റണ്‍സിന്‍റെ കൂട്ടുകെട്ട് തീര്‍ത്തിരുന്നു.
സച്ചിന്‍ ബേബി 80(209), ജലജ് സക്സേന 79(130), മോനിഷ് 40(152) രോഹന്‍ പ്രേം 41(156) എന്നിവവരും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസ്സനും രണ്ട് വിക്കറ്റെടുത്ത രവി കിരണുമാണ് ഹൈദരാബാദ് ബൗളിങ് നിരയില്‍ മികച്ചു നിന്നത്. രഞ്ജിയില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ജമ്മു കാശ്മീരുമായി സമനിലയില്‍ പിരിഞ്ഞിരുന്ന കേരളം രണ്ടാം മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് പരാജയപ്പെട്ടിരുന്നു.