രഞ്ജി ട്രോഫി : ഹൈദരാബാദിനെതിരെ കേരളത്തിന് സമനില

246

ഭുബനേശ്വര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് സമനില. ഒന്നാം ഇന്നിഗ്സ് ലീഡിന്റെ കരുത്തില്‍ കേരളം മൂന്ന് പോയന്റ് നേടിയപ്പോള്‍ ഹൈദരാബാദ് ഒരു പോയന്റ് നേടി. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 517 റണ്‍സിന് മറുപടിയായി നാലാം ദിനം 231/7 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഹൈദരാബാദ് 281 റണ്‍സിന് ഓള്‍ ഔട്ടായി.

വിജയപ്രതീക്ഷയില്‍ ഹൈദരാബാദിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളത്തിന് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ ഹൈദരാബാദിന്റെ മൂന്ന് വിക്കറ്റുകളെ വീഴ്ത്താനായുള്ളു. ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. സ്കോര്‍ കേരളം 517, ഹൈദരാബാദ് 281, 220/3. ഹൈദരാബാദിനായി രണ്ടാം ഇന്നിംഗ്സില്‍ ബി അനിരുദ്ധ്(120) സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. അക്ഷത് റെഡ്ഡി(27), ക്യാപ്റ്റന്‍ എസ് ബദരീനാഥ്(39) എന്നിവരും രണ്ടാം ഇന്നിംഗ്സില്‍ ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കേരളത്തിനായി 159 റണ്‍സെടുത്ത ഇഖ്ബാല്‍ അബ്ദുള്ളയാണ് കളിയിലെ കേമന്‍.
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സമനിലയും ഒരു തോല്‍വിയുമായി കേരളത്തിന് ആറു പോയന്റാണുള്ളത്. 10 ടീമുള്ള സി ഗ്രൂപ്പില്‍ എട്ടാമതാണ് കേരളം. മൂന്ന് കളികളില്‍ 15 പോയന്റുള്ള ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 9 പോയന്റുള്ള ഛത്തീസ്ഗഡ് ആണ് രണ്ടാം സ്ഥാനത്ത്.

NO COMMENTS

LEAVE A REPLY