രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്

201

ജാംഷഡ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. 20 റണ്‍സിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ഒമ്ബതിന് 179 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന ഛത്തീസ്ഗഡ് 187 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ മോനിഷിന്റെ പ്രകടനമാണ് കേരളത്തിന് തുണയായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 ഓവര്‍ പിന്നിടുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 എന്ന നിലയിലാണ്. കേരളത്തിനിപ്പോള്‍ ആകെ 83 റണ്‍സ് ലീഡുണ്ട്. വി.എ.ജഗദീഷും (23) ഭവിന്‍ ജെ.താക്കറുമാണ് (37) ക്രീസില്‍. സ്പിന്നര്‍മാരാണ് ഛത്തീസ്ഗ്ഢ് ഇന്നിങ്സിന്റെ നടുവൊടിച്ചത്. മോനിഷ് നാലു വിക്കറ്റെടുത്തപ്പോള്‍ ഇഖ്ബാല്‍ അബ്ദുള്ള മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്സേന രണ്ടു വിക്കറ്റുണ്ട്. പേസര്‍ സന്ദീപ് വാര്യര്‍ക്കാണ് ഒരു വിക്കറ്റ്.മോനിഷായിരുന്നു ഛത്തീസ്ഗഢിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്കോര്‍ 38-ല്‍ നില്‍ക്കെ ഓപ്പണര്‍ റിഷാഭ് തിവാരിയെയും (20) 45ല്‍ നില്‍ക്കെ ഓപ്പണിങ് പങ്കാളി സഞ്ജീവ് ഗുപ്തയെയും (10) മോനിഷ് പറഞ്ഞയച്ചു.
മൂന്നാം വിക്കറ്റില്‍ ഛത്തീസ്ഗഢ് നായകന്‍ അഭിമന്യു ചൗഹാനും അമന്‍ദീപ് ഖാരെയും സ്കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും 51 റണ്‍സാണ് ചേര്‍ത്തത്. സ്കോര്‍ 94-ല്‍ നില്‍ക്കെ ഖാരയെ ക്ലീന്‍ ബൗള്‍ഡാക്കി സക്സേന കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സുകൂടി ചേര്‍ന്നയുടനെ ചൗഹാന്റെ സ്റ്റമ്ബ് തെറിപ്പിച്ച്‌ മോനിഷ് വീണ്ടും കേരളത്തിന് ആധിപത്യം നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ കേരള ബൗളര്‍മാര്‍ ഛത്തീസ്ഗഢ് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നിന് 125 എന്ന ശക്തമായ നിലയില്‍നിന്ന് ഛത്തീസ്ഗഢ് ഒമ്ബതിന് 179-ലേക്ക് തകര്‍ന്നു.

NO COMMENTS

LEAVE A REPLY