തിരുവനന്തപുരം : കല്ലറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുറിഞ്ചിലക്കാട് കുടുംബാരോഗ്യ കേന്ദ്രം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
പഞ്ചായത്ത് ഫണ്ടിൽ നിന്നും ആറരലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ആരോഗ്യകേന്ദ്രത്തിൽ എല്ലാ വ്യാഴാഴ്ചകളിലും രണ്ട് മണിക്ക് ശേഷം ജീവിതശൈലീ രോഗ നിർണയ ക്ലിനിക്ക് പ്രവർത്തിക്കും. ചൊവ്വാഴ്ചകളിൽ ഗർഭിണികൾക്കായി പ്രത്യേക ക്ലിനിക്കും പ്രവർത്തിക്കും. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ സൗജന്യമാണ്.
കുട്ടികൾക്കുള്ള വാക്‌സിനേഷൻ, കുടുംബസർവേകൾ, രോഗികളുള്ള വീടുകൾ സന്ദർശിക്കുക എന്നിവയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. മാസത്തിൽ രണ്ട് ദിവസം ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും സേവനവും ലഭ്യമാണ്. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിംഷായും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.