ന്യൂഡല്‍ഹി: രാജ്യത്ത് അസാധാരണ സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭ എംപിയാകുമെന്നുമാണു സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിലപാട്.കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍നിന്ന് യെച്ചൂരി രാജ്യസഭയിലേക്കു മത്സരിച്ചേക്കുമെന്നു പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണയ്ക്കുമെന്നാണു സൂചന.
ബംഗാളില്‍ അഞ്ചു രാജ്യസഭാ സീറ്റുകളിലേക്കു ഫെബ്രുവരിയിലാണു തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ നാലു സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു.യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണം. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നാണു കരുതുന്നതെന്നും നേതാവ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചു സിപിഎം ഒൗദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
2019 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍നിന്നു സിപിഎമ്മിനു രാജ്യസഭയിലോ ലോക്സഭയിലോ അംഗങ്ങളില്ല. 1964-നുശേഷം ആദ്യമായാണു ബംഗാളില്‍നിന്നു സിപിഎമ്മിന് അംഗങ്ങളില്ലാതാകുന്നത്. 2005 മുതല്‍ 2017 വരെ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ എംപിയായതിനെ തുടര്‍ന്നാണ് യെച്ചൂരി മാറി നിന്നത്.