വോട്ടര്‍ പട്ടികയിലെ പരാതി പരിഹാരത്തിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

43

കാസര്‍കോട് : വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിഹരിക്കുന്നതിനും പോളിങ് സ്റ്റേഷനുകള്‍ പുനക്രമീകരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതിനും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷ വഹിച്ചു. മരിച്ചവരും വാര്‍ഡില്‍ താമസമില്ലാത്തവരും പട്ടികയില്‍ ഉള്‍പ്പെട്ടതായും വോട്ടരുടെ പേര് വ്യത്യസ്ത ബൂത്തുകളില്‍ ഉള്‍പ്പെട്ടതായുമുള്ള പരാതികള്‍ പരിഗണിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും.

എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കും അനര്‍ഹരെന്ന് ആക്ഷേപമുള്ളവരുടെ പട്ടിക സമര്‍പ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കും. തുടര്‍ന്ന് സെക്രട്ടറിമാര്‍ നിജസ്ഥിതി പരിശോധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്ത് വസ്തുതകള്‍ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.സംശയ നിവാരണത്തിന് കണ്‍ട്രോള്‍ റൂമിന്റെ സേവനം രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രയോജനപ്പെടുത്താം.

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍,എ ഡി പി ധനേഷ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധി എം കുഞ്ഞമ്പു നമ്പ്യാര്‍, ഐയുഎംഎല്‍ പ്രതിനിധി മൂസ ബി ചെര്‍ക്കള,കേരള കോണ്‍ഗ്രസ് പ്രതിനിധി നാഷണല്‍ അബ്ദുള്ള, സിപിഐഎം പ്രതിനിധി കെ എ മുഹമ്മദ് ഹനീഫ, സി പിഐ പ്രതിനിധി വി സുരേഷ് ബാബു,ബിജെപി പ്രതിനിധികളായ എ വേലായുധന്‍,സതീഷ് പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS