തിരുവനന്തപുരം: കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ദേശീയപതാകയുയര്‍ത്തി. കേരളത്തിന്റെ പുനര്‍നിര്‍മിതി അടിയന്തരപ്രധാന്യം അര്‍ഹിക്കുന്നതായി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി. അടിസ്ഥാന സൗകര്യ വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ മികച്ചതെന്നും ജസ്റ്റീസ് പി.സദാശിവം പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള അനാവശ്യവിവാദങ്ങള്‍ പാടില്ലെന്നുംഗവര്ണര് പറഞ്ഞു. അക്രമ സമരങ്ങളും ഹാര്ത്താലുകളും ഒഴിവാക്കണം. ഇത് എങ്ങനെ ഒഴിവാക്കണമെന്ന് നാം സ്വയം ചോദിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.ജില്ലകളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ വിവിധ മന്ത്രിമാര്‍ പങ്കെടുത്തു.