ന്യൂഡല്‍ഹി• 68-ാം റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ പതാകയുയര്‍ത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു മുഖ്യാതിഥി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥിയിലൂടെ ഇന്ത്യയുടെ സംസ്കാരവും ശക്തിയും പ്രകടമാക്കുന്ന റിപ്പബ്ലിക് ദിനപരേഡാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. വിജയ് ചൗക്കില്‍നിന്നു തുടങ്ങി ചെങ്കോട്ട വഴിയുള്ള പരേഡിനായി രാജ്യ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരങ്ങളും കര, നാവിക, വ്യോമ സേനകളുടെ പ്രകടനങ്ങളും വീഥികളില്‍ അണിനിരക്കും.
മലയാളിയായ ലഫ്. കമാന്‍ഡര്‍ അപര്‍ണ നായരാണു പരേഡില്‍ നാവികസേനയെ നയിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ആധുനിക ബൊഫോഴ്സ് പീരങ്കി ‘ധനുഷ്’ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വ്യോമസേനയുടെ 27 യുദ്ധവിമാനങ്ങള്‍ പരേഡുമായി ബന്ധപ്പെട്ടുള്ള ഷോകളില്‍ പങ്കെടുക്കും. എംഐ 17 വി 5 ഹെലികോപ്റ്ററുകളും ശക്തി പ്രകടിപ്പിക്കും. മൂന്നു എംഐ-35, മൂന്നു സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, സി-17, സുഖോയ്-30 എംകെഐ വിമാനങ്ങളും പരേഡിന്റെ ഭാഗമാകും. ഇന്ത്യന്‍ സൈനികരോടൊപ്പം യുഎഇയുടെ 200 വ്യോമസേനാംഗങ്ങളും പരേഡില്‍ അണിനിരക്കും. അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പാക്ക് ഭീകരര്‍ ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്പഥ് പൂര്‍ണമായും സുരക്ഷാ വലയത്തിലാണ്. രാജ്്പഥിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ കെട്ടിടങ്ങളിലും ഡല്‍ഹി പൊലീസിന്റെ സാന്നിധ്യമുണ്ട്.