ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എൻ.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.
11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. കരസേന ഇൻഫന്ററി ബ്രിഗേഡ് എച്ച്.ക്യു 91 മേജർ ആനന്ദ് സി.എസ്. ആണ് പരേഡ് കമാൻഡർ. വ്യോമസേന സതേൺ എയർ കമാൻഡ് കമ്യൂണിക്കേഷൻ ഫ്ളൈറ്റ് സ്‌ക്വാഡ്രൻ ലീഡർ പ്രതീഷ് കുമാർ ശർമ സെക്കൻഡ് ഇൻ കമാൻഡ് ആകും.
കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, കർണാടക സ്റ്റേറ്റ് പൊലീസ് നാലാം ബെറ്റാലിയൻ(വനിതകൾ), മലബാർ സ്പെഷ്യൽ പൊലീസ്, കേരള ആംഡ് വനിതാ പൊലീസ് ബെറ്റാലിയൻ, ഇന്ത്യ റിസർവ് ബെറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള പ്രിസൺ വകുപ്പ്, കേരള എക്സൈസ് വകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോ പ്ലാറ്റൂൺ വീതമാണു സായുധ സേനാ ഘടകങ്ങളിൽ അണിനിരക്കുന്നത്.
കേരള അഗ്‌നിരക്ഷാ സേന, വനം വകുപ്പ്(വനിതകൾ), എൻ.സി.സിയുടെ സീനിയർ ഡിവിഷൻ ആൺകുട്ടികൾ, സീനിയർ വിങ് പെൺകുട്ടികൾ, സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ആൺകുട്ടികൾ, പെൺകുട്ടികൾ, ഭാരത് സ്‌കൗട്ട്സ്, ഗൈഡ്സ് എന്നിവർ സായുധേതര ഘടക വിഭാഗത്തിൽ അണനിരക്കും. കരസേനയുടേയും തിരുവനന്തപുരം സിറ്റി പൊലീസിന്റെയും ആംഡ് പൊലീസ് ബെറ്റാലിയന്റെയും ബാൻഡുകളും പരേഡിലുണ്ടാകും. പരേഡിനു ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ എല്ലാവരും പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അഭ്യർഥിച്ചു.