മുംബൈ • റിസര്‍ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. നയപ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഒാഹരിവിപണികള്‍ ഇടിഞ്ഞു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ വായ്പാ നയപ്രഖ്യാപനമാണിത്. ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തേതും. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ധനസ്ഥിതി പൂര്‍ണമായും വിലയിരുത്തിയിട്ടില്ല. ഇത് പഠിച്ചതിനുശേഷമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടാന്‍ സഹകരിക്കുന്ന ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്. ഇതാണ് തുടരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് നടന്ന നയപ്രഖ്യാനത്തിലാണ് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് റിപോനിരക്ക് എത്തിയത്. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന ആറംഗസമിതി തീരുമാനിക്കുന്ന രണ്ടാമത്തെ വായ്പാനയമാണിത്. കഴിഞ്ഞ നയപ്രഖ്യാപനം മുതലാണ് ഗവര്‍ണര്‍ ഒറ്റയ്ക്ക് നയംരൂപീകരിക്കുന്നതിന് മാറ്റം വന്നത്.