അസാധു നോട്ടുകളില്‍ 12.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തി

168

മുംബൈ: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകളില്‍ 12.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ഡിസംബര്‍ പത്ത് വരെയുള്ള കണക്കുകളാണ് റിസര്‍വ് ബാങ്ക് പുറത്ത് വിട്ടത്. നവംബര്‍ 8ന് നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ 14 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇനി 1.66 ലക്ഷം കോടി നോട്ടുകള്‍ കൂടിയാണ് ബാങ്കുകളില്‍ തിരിച്ചെത്താനുള്ളത്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. അസാധു നോട്ടുകള്‍ക്ക് പകരമായി പുതിയ രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളില്‍ ബാങ്കുകള്‍ വഴിയും എ.ടി.എമ്മുകള്‍ വഴിയും 4.61 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. എ.ടി.എമ്മുകളിലും ബാങ്കുകളിലും ഉടന്‍ കുടുതല്‍ പണം എത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പണം കയ്യില്‍ സൂക്ഷിക്കരുതെന്നും വിനിമയം ചെയ്യണമെന്നും ഡെപ്യുട്ടി ഗവര്‍ണര്‍ എസ്.എസ് മുദ്ര പറഞ്ഞു. അതേസമയം പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 31 വരെ സമയമുള്ളതിനാല്‍ ഇനി അവശേഷിക്കുന്ന നോട്ടുകള്‍ കൂടി ബാങ്കില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ കള്ളപ്പണം വലിയൊരു പങ്ക് ബാങ്കില്‍ തിരിച്ചെത്താതെ മൂല്യമില്ലാതെ ആകുമെന്ന സര്‍ക്കാരിന്‍റെ അവകാശവാദത്തിന് തിരിച്ചടിയാകും.

NO COMMENTS

LEAVE A REPLY