5000 രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. കെ.വൈ.സി നല്‍കിയ അക്കൗണ്ടുകള്‍ക്ക് പരിധിയില്ലാതെ പഴയ നോട്ടുകള്‍ ഇനിയും നിക്ഷേപിക്കാമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. തൊഴിലാളികളുടെ കൂലി ബാങ്കുകള്‍ വഴിയും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 5000 രൂപയില്‍ കൂടുതല്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നത് നിയന്ത്രണം എര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. പഴയ നോട്ട് നിക്ഷേപിക്കുമ്ബോള്‍ ഉറവിടം വ്യക്തമാക്കണമെന്നും ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു.
ഡിസംബര്‍ 30വരെ പരിധിയില്ലാതെ പണം നിക്ഷേപിക്കാമെന്ന് പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം ലംഘിച്ചുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണം ഈ സാഹചര്യത്തിലാണ് വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കെ.വൈ.സി അഥവ തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയ അക്കൗണ്ടുകളില്‍ പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ 30 വരെ ഒരു പ്രാവശ്യം മാത്രമേ 5000 രൂപയില്‍ കുടുതലുള്ള പഴയനോട്ടുകള്‍ നിക്ഷേക്കാന്‍ കഴിയൂവെന്ന നിയന്ത്രണവും എടുത്തുകളഞ്ഞു. നോട്ട് അസാധുവാക്കിയതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് തെളിയിക്കുന്നതാണ് ഒരോ ദിവസത്തെയും നിലപാട് മാറ്റമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതനം പണമായി നല്‍കുന്നതിന് പുറമേ ഓണ്‍ലൈനായും ചെക്കായും നല്‍കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നിയമഭേദഗതി ഓര്‍ഡിന്‍സായി കൊണ്ട് വരാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ ഭേദഗതി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും സഭ തടസപ്പെട്ടതിനാല്‍ പാസാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്.