മുംബൈ • അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നന്നായി പരിശോധിച്ച ശേഷമേ സ്വീകരിക്കാവൂ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.ബാങ്കുകള്‍ ശാഖകളില്‍ ബാങ്കിങ് പ്രവര്‍ത്തനം നടക്കുന്നയിടങ്ങളെല്ലാം ക്യാമറ നിരീക്ഷണത്തിലാക്കണം. ക്യാമറ റെക്കോര്‍ഡിങ്ങുകള്‍ സൂക്ഷിക്കുകയും വേണം. കള്ളനോട്ട് കണ്ടെത്തുന്നതിലും അവ പ്രചരിപ്പിക്കുന്നതു തടയുന്നതിലും ബാങ്കുകള്‍ വീഴ്ചവരുത്തുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള യന്ത്രങ്ങള്‍ എല്ലാ ശാഖകളിലും ഉറപ്പാക്കണം. കള്ളനോട്ടാണെന്നു ബോധ്യപ്പെടുന്നവ വീണ്ടും ഇടപാടുകാരുടെ കയ്യിലെത്തുന്നില്ലെന്ന് ഉറപ്പാക്കണം. ബാങ്കിലെത്തുന്ന 100 രൂപ മുതല്‍ മുകളിലേക്കുള്ള എല്ലാ നോട്ടുകളും പരിശോധനയ്ക്കു ശേഷമേ മറ്റ് ഇടപാടുകള്‍ക്കായി നല്‍കാവൂ. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളുടെ വ്യാജന്‍ പ്രചരിപ്പിച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി റിസര്‍വ് ബാങ്ക് പറഞ്ഞു. കള്ളനോട്ട് നിര്‍മിക്കുന്നതും കൈവശം വയ്ക്കുന്നതും ക്രയവിക്രയം നടത്തുന്നതും സ്വീകരിക്കുന്നതുമൊക്കെ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു.