ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നാലു വർഷത്തിൽ സംസ്ഥാനത്ത് റീസർവേ നടപടി പൂർത്തിയാക്കും: റവന്യു മന്ത്രി

11

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നാലു വർഷത്തിൽ സംസ്ഥാനത്ത് റീസർവേ നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുന്ന തിനായി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാലു ഘട്ടങ്ങളായാവും ഡിജിറ്റൽ റീസർവേ നടത്തുക. ആദ്യ ഘട്ടത്തിൽ 400 വില്ലേജുകളിൽ റീസർവേ നടത്തുന്നതിന് 339.438 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിന് 156.173 കോടി രൂപയും മൂന്നാം ഘട്ടത്തിന് 156.189 കോടി രൂപയും നാലാം ഘട്ടത്തിൽ 156.186 കോടി രൂപയുടെയും ഭരണാനുമതി നൽകി.

കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്‌റ്റേഷൻ (കോർസ്), റിയൽ ടൈം കൈൻമാറ്റിക് (ആർ. ടി. കെ), ഡ്രോൺ, ലിഡാർ, ഇ. ടി. എസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും. ഒരു വില്ലേജിൽ കോർസ് സംവിധാനം ഉപയോഗിച്ച് അഞ്ചര മാസം കൊണ്ട് റീസർവേ നടപടി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

കോർസ്, ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു സർവയറുടെയും ഒരു ഹെൽപറുടേയും സേവനം മതിയെന്ന പ്രത്യേകതയുമുണ്ട്. ഒരു ടീമിന് നാലു ഹെക്ടർ വരെ സ്ഥലം കോർസ് സംവിധാനം ഉപയോഗിച്ച് ഒരേ സമയം സർവേ ചെയ്യാനാവും.

87 വില്ലേജുകളിൽ നേരത്തെ തന്നെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവകാശ രേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഏകീകൃതമായ അവകാശ രേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലയങ്ങളായി നിൽക്കുന്ന പ്രശ്‌നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയുള്ള നേട്ടം ഇതിലൂടെ ജനങ്ങൾക്കുണ്ടാകും. ജിയോ കോഓർഡിനേറ്റ് അടിസ്ഥാനമാക്കിയുള്ള മാപ്പിന്റെ സഹായത്താൽ ദുരന്തനിവാരണവും അതിജീവനക്ഷമതാ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും പദ്ധതികൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സർവേ ഓഫ് ഇന്ത്യ, കേരള റീജ്യണൽ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന സർവേ ആന്റ് ലാൻഡ് റെക്കോഡ്‌സ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സർവേ ഡയറക്‌ട്രേറ്റിൽ ഒരു സംസ്ഥാനതല പദ്ധതി നിർവഹണ യൂണിറ്റ് രൂപീകരിക്കും. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല നിർവഹണ സമിതികളും രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയും പദ്ധതി നടത്തിപ്പ് വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നതിന് രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS