തൃശൂർ : വീടില്ലാത്ത എല്ലാ വിഭാഗം ജനങ്ങളെയും ലൈഫ് മിഷൻ പദ്ധതിയിലൂടെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി അവർക്ക് പഞ്ചായത്ത് തലത്തിൽ ഫ്‌ളാറ്റുകൾ നിർമിച്ചു നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭ പിഎംഎവൈ-ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിച്ച 333 വീടുകളുടെ താക്കോൽ ദാനവും ഹരിത ഭവനങ്ങൾക്കുള്ള സമ്മാനദാനവും അംഗീകാർ ക്യാമ്പയിൻ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2020 ജനുവരിയിൽ ഫ്‌ളാറ്റുകളുടെ നിർമാണം ആരംഭിക്കും. 10 മുതൽ 20 സെന്റ് സ്ഥലങ്ങളിൽ വരെ ഫ്‌ളാറ്റുകൾ നിർമിക്കും. 500 ചതുരശ്ര അടി വിസ്തീർണമുള്ള സൗകര്യങ്ങൾ ഫ്‌ളാറ്റിൽ ഓരോ കുടുംബത്തിനുമുണ്ടാകും. ഓരോ ഫ്‌ളാറ്റിനോടനുബന്ധിച്ച് ക്രഷ്, സബ് സെന്ററുകൾ, കളിസ്ഥലങ്ങൾ, പഠനമുറികൾ തുടങ്ങിയവയും നിർമിക്കുമെന്നും ജില്ലയിൽ പഴയന്നൂർ, വടക്കാഞ്ചേരി, ചേലക്കര എന്നീ സ്ഥലങ്ങളിൽ ഇതിനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതിയിൽ ഈ വർഷം ഡിസംബറോടെ സംസ്ഥാനത്ത് ഒരു ലക്ഷം വീടുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ വീടില്ലാത്ത മുഴുവൻ പേർക്കും വീട് നിർമിച്ചു നൽകും. ഭൂമിയില്ലാത്ത പട്ടികജാതി, പട്ടികവർഗക്കാർക്ക് സ്ഥലത്തിനും വീടിനും പ്രത്യേക ഫണ്ടനുവദിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കുന്നംകുളം-പാറേമ്പാടം ബൈപ്പാസ് നിർമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ ശശി, കെ കെ മുരളി, സുമ ഗംഗാധരൻ, കെ കെ ആനന്ദൻ, കൗൺസിലർ ബിജു സി ബേബി എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ കെ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി എം സുരേഷ് സ്വാഗതവും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു.