തിരുവനന്തപുരം : പ്രവാസി പുനരധിവാസ പദ്ധതിയിൽ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണ ത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നു. ഇതിനായുള്ള അർഹത നിർണയക്യാമ്പ് നവംബർ 23 രാവിലെ 10 ന്് നോർത്ത് പറവൂരിലെ വ്യാപാരഭവനിൽ നടക്കും. വായ്പ നിർണയക്യാമ്പ് വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.
കുറഞ്ഞത് രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്ന് തന്നെ പൂർത്തിയാക്കും.
അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകും. സംരംഭകരാകാൻ താൽപര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയും, പാൻകാർഡ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളുമായെത്തണം.
www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായക കേന്ദ്രം (04712329738) നമ്പരിലും, നോർക്ക റൂട്ട്സിന്റെ 1800-425-3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും, 0471-2770500 നമ്പരിലും ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.