തിരുവനന്തപുരം : സംസ്ഥാനത്ത് പഠിതാക്കളില്ലാത്ത ഹയർസെക്കൻഡറി ബാച്ചുകൾ മറ്റു സ്‌കൂളിലേക്ക് മാറ്റി ക്രമീകരിച്ചതിനെത്തുടർന്ന് ലഭിച്ച അപേക്ഷയിലെ ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് ഫലം www.hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽമാർ TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണം.
ട്രാൻസ്ഫർ അലോട്ട്‌മെന്റ് സ്ലിപ്പും പ്രിൻസിപ്പൽമാർ എടുത്തു നൽകണം. ഈ ലിങ്കിൽ ലഭിക്കുന്ന അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസർട്ടിഫിക്കറ്റ്, മറ്റു അനുബന്ധ രേഖകൾ എന്നിവയുടെ അസലുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/ കോഴ്‌സിൽ ഒന്നാംപാദ പരീക്ഷ പൂർത്തിയാകുന്ന മുറയ്ക്ക് സെപ്തംബർ രണ്ടു മുതൽ ആറിന് വൈകിട്ട് നാലു മണിക്കുള്ളിൽ പ്രവേശനം നേടണം.
ഏകജാലകത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയിൽ പ്രവേശനത്തിനായി രണ്ട്, മൂന്ന്, നാല് തിയതികളിൽ അപേക്ഷിക്കാം. നിലവിൽ പ്രവേശനം നേടിയവർ അപേക്ഷിക്കരുത്. നിലവിലുള്ള വേക്കൻസി www.hscap.kerala.gov.in ൽ രണ്ടിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാനാഗ്രഹിക്കുന്നവർ സ്‌കൂൾ പ്രിൻസിപ്പലിന് നാലിന് വൈകിട്ട് നാല് മണിക്കകം അപേക്ഷ സമർപ്പിക്കണം.