കാസര്‍കോട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനജാഗ്രതാ സമിതികള്‍ പുനരുജ്ജീവിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്, ഇവരുടെ വിവരങ്ങള്‍ ജനജാഗ്രതാ സമിതിയെ അറിയിക്കണം.
ജില്ലയില്‍ 777 സ്‌ക്വാഡുകളാണ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ജാഗ്രതാ സമിതിയില്‍ ആരോഗ്യ പ്രവര്‍ ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനമൈത്രി പോലീസ് എന്നിവര്‍ ഉണ്ടായിരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പും സര്‍ക്കാറും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ ഈ വിവരം കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.
വിദേശത്തുനിന്ന് വന്ന, വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ നിര്‍ദ്ദേശിക്കുന്നവരെ, നിരീക്ഷണ കാലാവധി അവസാനിക്കുന്നതുവരെ പ്രത്യേകം സജ്ജീകരിച്ച കൊറോണ കെയര്‍ സെന്റര്‍ എന്ന പുതിയ സംവിധാനത്തില്‍ പ്രത്യേകം നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഈ കേന്ദ്രങ്ങളില്‍ ശക്തമായ പോലീസ് ബന്തവസ് ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.