അവശ്യസാധാനങ്ങളുടെ ചില്ലറവിൽപനക്കുള്ള വില ഇനി കേന്ദ്രസർക്കാരിനും നിശ്ചയിക്കാം

206

ന്യൂ‍ഡല്‍ഹി: അവശ്യസാധാനങ്ങളുടെ ചില്ലറവിൽപനക്കുള്ള വില ഇനി കേന്ദ്രസർക്കാരിനും നിശ്ചയിക്കാം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് മെട്രോളജി വകുപ്പ് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
അവശ്യസാധാനങ്ങളുടെ ചില്ലറവിൽപ്പനക്കുള്ള വില ഇപ്പോൾ നിശ്ചയിക്കപ്പെടുന്നത് കമ്പോളത്തിൽതന്നെയാണ്. എന്നാൽ പലരും ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായി വില കൂട്ടുന്നുവെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം മെട്രോളജി വകുപ്പ് പുറപ്പെടുവിച്ചത്. 1955ലെ അവശ്യവസ്തുനിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം.
പായ്ക്ക് ചെയ്ത് ഉൽപ്പന്നങ്ങൾക്കും അല്ലാത്തവയ്ക്കും പുതിയ ഉത്തരവ് ബാധകമാണ്. അരി പഞ്ചസാര, പയർ, ഉള്ളി, തക്കാളി തുടങ്ങി എല്ലാ അവശ്യവസ്തുക്കളുടെയും വിലയാണ് സർക്കാർ നിരീക്ഷിക്കുക. എന്നാൽ എല്ലാ ദിവസവും ഉൽപ്പന്നങ്ങളുടെ ചില്ലറവിൽപനയ്ക്കുള്ള വിലയിൽ സർക്കാർ ഇടപെടില്ല. വില ക്രമാതീതമായ ഉയരുന്ന സാഹചര്യമുണ്ടായാൽ മാത്രമായിരിക്കും സർക്കാർ ഉടപെടുകയെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.
മൊത്തവിൽപ്പനയുടേയും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നളുടേയും വിലയിലാണ് സർക്കാരിന് ഇപ്പോൾ നിയന്ത്രണം. പരിപ്പ്, ഉള്ളി, തക്കാളി തുടങ്ങിയവയുടെ വില ഇടക്ക് വലിയതോതിൽ കൂടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ പരിപ്പിന് വില 200 രൂപ വരെ എത്തിയിരുന്നു. ഉള്ളിയുടെ വില കൂടിയത് 1998ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് വിലനിശ്ചയിക്കാൻ സർക്കാരിന് അനുമതി നൽകുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY