കൊച്ചി: സിനിമാ കഥയേക്കാള്‍ നാടകീയമാണ് ഉദയംപേരൂര്‍ കൊലപാ തകം. 96 സിനിമയിലേത് പോലെ ഒരു സ്‌കൂള്‍ റീയൂണിയനും പ്രണയവും ഒടുക്കം കൊലപാതകവും. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമം തന്നെ ഒടുക്കം അവരെ കുരുക്കിലാക്കി. ദൃശ്യം സിനിമയുടെ മോഡലില്‍ പല കുറ്റകൃത്യങ്ങളും കേരളത്തില്‍ ഇതിനകം നടന്നിട്ടുണ്ട്. എന്നാല്‍ ദൃശ്യം മാത്രമല്ല ഹിറ്റ് തമിഴ് ചിത്രമായ 96വും ക്രൂരമായ കൊലപാതകത്തിന് കാര ണമായിരി ക്കുകയാണ്.
ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിലാകട്ടെ സ്വന്തം ഭര്‍ത്താവും കാമുകിയും. വിദ്യ യുടെ ഭര്‍ ത്താവ് പ്രേം കുമാറും കാമുകി സുനിത ബേബിയും ആണ് പോലീസ് പിടി യിലായിരിക്കുന്നത്. വിശദാംശ ങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരത്ത് നഴ്‌സിംഗ് സൂപ്രണ്ട് ആയ സുനിത ബേബിയും കോട്ടയം ചങ്ങനാശേരി സ്വദേശി പ്രേം കുമാറും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ്. 96 സിനിമ ഇറങ്ങിയതിന് ശേഷം സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരെല്ലാം ചേര്‍ന്ന ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പദ്ധതിയിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ വെച്ചാണ് സുനിതയും പ്രേം കുമാറും വീണ്ടും കണ്ട് മുട്ടിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ശേഷം പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടര്‍ന്നു.
ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ട ഇരുവരും അടുപ്പത്തിലായി. സുനിത വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയു മാണ്. അടുത്തിടെയാണ് ഭാര്യ വിദ്യയ്‌ക്കൊപ്പം ഉദയംപേരൂരിലെ ആമേട എന്ന സ്ഥലത്തെ വാടക വീട്ടിലേക്ക് പ്രേം കുമാര്‍ താമസം മാറിയത്. സുനിതയുമായുളള പ്രേംകു മാറിന്റെ അടുപ്പത്തെ കുറിച്ച് വിദ്യ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.
സുനിതയുടെ പേരില്‍ പ്രേംകുമാറും വിദ്യയും തമ്മില്‍ വഴക്കുകള്‍ നടന്നിരുന്നു. ഇതോടെയാണ് വിദ്യയെ ഒഴിവാ ക്കാന്‍ സുനിതയുമായി ചേര്‍ന്ന് പ്രേം കുമാര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. ആയുര്‍വേദ ചികിത്സയുടെ പേര് പറഞ്ഞ് പ്രേം കുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചു. ഒരു സുഹൃത്തിന്റെ വില്ലയിലാണ് ഇരുവരും അന്ന് താമസി ച്ചത്. അതേ വില്ലയില്‍ മറ്റൊരു മുറിയില്‍ സുനിതയും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയോടെ വിദ്യയ്ക്ക് മദ്യം നല്‍കിയ ശേഷം കിടപ്പ് മുറിയില്‍ വെച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിദ്യയുടെ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. പിന്നീട് കാറില്‍ കയറ്റി തിരുനെല്‍വേലിയില്‍ എത്തിച്ചു. ഹൈവേയ്ക്ക് സമീപത്തുളള കുറ്റിക്കാട്ടിലാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചത്.
നാട്ടിലേക്ക് മടങ്ങി എത്തിയ പ്രേം കുമാര്‍ ആദ്യം ചെയ്തത് പോലീസ് സ്‌റ്റേഷനില്‍ പോയി ഭാര്യയെ കാണാനില്ല എന്ന് പരാതി കൊടുക്കുക ആയിരുന്നു. നേരത്തെ രണ്ട് മൂന്ന് തവണ വിദ്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അതുകൊണ്ട് തന്നെ സംശയിക്കില്ലെന്ന് പ്രേംകുമാര്‍ കരുതി. മാത്രമല്ല ഗോവയില്‍ പഠിക്കുന്ന മകളെ കാണാനും ഇടയ്ക്ക് വിദ്യ പോകാറുണ്ടായിരുന്നു.
വിദ്യയുടെ മൊബൈല്‍ ഫോണ്‍ പ്രേം കുമാര്‍ തീവണ്ടിയില്‍ ഉപേക്ഷിച്ചു. നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ ഡസ്റ്റ് ബിന്നിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഫോണ്‍ ട്രെയ്‌സ് ചെയ്ത പോലീസ് ലൊക്കേഷന്‍ ബീഹാര്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ആ വഴിക്ക് അന്വേഷണം നടക്കവേയാണ് പ്രേം കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതായി പോലീസ് അറിയുന്നത്. മാത്രമല്ല ഇയാള്‍ വാടകവീട് മാറിയതും പോലീസില്‍ സംശയമുണ്ടാക്കി. അതിനിടെ വിദ്യയുടെ മൃതദേഹം തിരുനെല്‍ വേലിയിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ട് പോലീസ് തന്നെ മറവ് ചെയ്തു. അതിനിടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിക്കൊണ്ട് പ്രേംകുമാര്‍ പോലീസിന് വാട്‌സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു. ഇതോടെ തിരുവനന്തപുരത്ത് നിന്ന് പ്രതികളെ പിടികൂടി.